പാലക്കാട്: ആധുനിക ഇന്ത്യ കെട്ടിപ്പടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മെട്രോമാന്‍ ഇ.ശ്രീധരനെന്നും കേരളത്തിന്റെ പുത്രനാണദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അധികാരം വേണമായിരുന്നെങ്കില്‍ 20 വര്‍ഷം മുമ്പ് തന്നെ ഇ.ശ്രീധരന് അതിനവസരമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം കേരളത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.
ജീവിതത്തില്‍ എല്ലാം നേടിയ ഈ മനുഷ്യന്‍ നാടിനോടുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെയാണ് പ്രധാനമന്ത്രി പാലക്കാട്ട് പ്രചാരണത്തിന് എത്തിയത്. രാവിലെ ഏഴ് മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എന്‍.ഡി.യുടെ മഹാസമ്മേളനത്തിനായി ഒഴുകിയെത്തുകയായിരുന്നു.
ആദ്യം വന്നത് മെട്രോമാന്‍ ഇ.ശ്രീധരന്‍. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ഹെലിപ്പാഡില്‍ ആദ്യം ഇങ്ങിയത് വൈദ്യസംഘം. സുരക്ഷാ ഭടന്‍മാരും പ്രധാനമന്ത്രിയും അടുത്ത രണ്ട് ഹെലികോപ്ടറുകളില്‍ ഇറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ പുഞ്ചിരി തൂകി നരേന്ദ്രമോദി വേദിയിലെത്തി. മെട്രോമാന്റെ അരികിലേക്ക്. പിന്നെ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തു.
ബി.ജെ.പി. ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഇ.കൃഷ്ണദാസും മെട്രോമാന്‍ ഇ.ശ്രീധരനും മോദിയെ പൊന്നാട അണിയിച്ചു. നേതാക്കള്‍ ചേര്‍ന്ന് കല്‍പ്പാത്തി തേരിന്റെ മാതൃകയും സമ്മാനിച്ചു. ശ്രീധരന്റെ ആമുഖ പ്രസംഗത്തിന് ശേഷമാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. 20 മിനിറ്റ് സംസാരിച്ച അദ്ദേഹം ഇ.ശ്രീധരനെ പ്രകീര്‍ത്തിച്ചു. ബി.ജെ.പിയുടെ വികസന അജണ്ട വിശദീകരിച്ചു. 12.15ഓടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് മോദി വേദി വിട്ടു.
Post Your Comments