NattuvarthaLatest NewsKeralaNews

രാഹുല്‍ഗാന്ധിക്കെതിരായ അശ്‌ളീല പ്രസ്താവന, ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം; രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിക്കെതിരെ അശ്‌ളീല പ്രസ്താവന നടത്തിയ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ്ജ് നടത്തിയതെന്നും, മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ഈ മ്ലേച്ഛമായ പ്രസ്താവന നടത്തിയതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തുകയും, സ്ത്രീകളെ അണിനിരത്തി നവോത്ഥാന മതില്‍ കെട്ടുകയും ചെയ്ത മുന്നണിയുടെ തനി നിറമാണ് ഇപ്പോള്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്. സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെ മനോഭാവം എത്ര തരം താഴ്ന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിന്റെ ഈ അശ്‌ളീലപരാമര്‍ശത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാക്കള്‍ എക്കാലവും സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിച്ചവരാണ്. ഇത്തരമൊരു മുന്നണിക്ക് എങ്ങിനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുകയെന്നും, ഇത്തരം നെറികെട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന സി.പി.എമ്മിനും ഇടതുമുന്നണിക്കും തക്കതായ മറുപടി ഈ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button