തിരുവനന്തപുരം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി)വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന സന്ദീപ് നായരുടെ അഭിഭാഷകന്‍ ഡി ജി പിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. സന്ദീപ് നായര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അഭിഭാഷകന്റെ പരാതി.
സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന വനിതാ പൊലീസുകാരുടെ മൊഴിയില്‍ നേരെത്തെയും ഇഡിക്കെതിരെ പൊലീസ് കേസടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്.
തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരെത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയിരുന്നു. അടുത്തിടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്‌ജി ജസ്റ്റിസ് വി കെ മോഹനന്‍ ആണ് കമ്മീഷന്‍.
അന്വേഷണം വഴിതെറ്റിപ്പോകുന്നത് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുയര്‍ന്നത്.
Post Your Comments