ബെംഗളൂരു : ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുപത്തൊന്നുകാരനെയാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. 5.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് പിടിയിലായതെന്നും, വിപണിയില്‍ 5,32,455 രൂപ വില വരുന്ന സ്വര്‍ണമാണ് യുവാവില്‍ നിന്നും കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കാസര്‍കോടുകാരനായ യുവാവ് ഫെബ്രുവരി 13-നാണ് ഗള്‍ഫിലേക്ക് പോയതെന്ന് വ്യക്തമായി.
കോഴിക്കോട് വിമാനത്താവളം വഴിയായിരുന്നു യാത്ര. എന്നാല്‍ എന്തിനായിരുന്നു ഗള്‍ഫ് യാത്രയെന്നും മടക്ക യാത്രയെയും കുറിച്ചുള്ള ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ബാഗുകള്‍ പരിശോധിച്ചത്. പരിശോധനയ്ക്കിടെ ട്രോളി ബാഗിന്റെ ചക്രം കണ്ട ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉയരുകയായിരുന്നു. വിശദമായ പരിശോധനയില്‍ 115.2 ഗ്രാം സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. ചെറിയ തുകയ്ക്ക് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments