പാറശാല : മകന്റെ മോഷണത്തിന് അമ്മ കൂട്ട് നില്‍ക്കുന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദ് (20), മാതാവ് റഹ്മത്ത് (49) എന്നിവര്‍ കഴിഞ്ഞ ദിവസം പാറശാല പൊലീസിന്റെ പിടിയിലായതോടെ പുറത്ത് വന്നത് അമ്പരപ്പിയ്ക്കുന്ന സംഭവങ്ങളാണ്. സ്ത്രീകളെ ക്രൂരമായി ആക്രമിച്ച് മകന്‍ മാലയും ഫോണുകളും കവരുമ്പോള്‍ ഇത് കൊണ്ടു പോയി വിറ്റിരുന്നത് അമ്മയായിരുന്നു.
കഴിഞ്ഞ ദിവസം മോഷണം നടത്തിയ ബൈക്കില്‍ സുഹൃത്തുമൊത്ത് കറങ്ങവെ റംഷാദിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. മാതാവിനൊപ്പം ആശുപത്രില്‍ കള്ളപ്പേരില്‍ ചികിത്സ തേടിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് പൊലീസ് സംഘം ഇരുവരെയും അറസ്റ്റു ചെയ്തത്. മോഷ്ടിക്കുന്ന കാറും ബൈക്കും ഉപയോഗിച്ചാണ് മാല പൊട്ടിക്കാന്‍ റംഷാദ് എത്തിയിരുന്നത്. അതാതു ദിവസത്തെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതായിരുന്നു രീതി. മോഷണ മുതലുകള്‍ പലയിടങ്ങളിലായി വിറ്റിരുന്നത് റഹ്മത്ത് ആയിരുന്നു.
വെള്ളനാട്ട് നടന്ന് പോകുകയായിരുന്ന യുവതിയുടെ മൊബൈല്‍ തട്ടിയെടുത്ത സംഭവം, വിളപ്പില്‍ശാലയില്‍ റോഡില്‍ വെച്ച് രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച ശേഷം കാറില്‍ കടന്നത്, മോഷണത്തിനായി ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച ശേഷം പിരായുംമൂട്ടില്‍ നിന്നു മറ്റൊരു ബൈക്ക് തട്ടിയെടുത്ത് കടന്ന സംഭവം, ഉദിയന്‍കുളങ്ങരയില്‍ ബൈക്ക് റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം മറ്റൊരു ബൈക്കുമായി കടന്നത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് റംഷാദ്. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്ന സംശയത്തില്‍ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments