Latest NewsIndia

ദൃശ്യം മോഡൽ കൊല, വീട്ടിനുള്ളിലെ അസ്ഥികൂടങ്ങൾക്ക് പിന്നിലെ ചുരുളഴിച്ചു പോലീസ് : വെളിപ്പെട്ടത് അവിഹിതം

തുടര്‍ന്നാണ് പവന് വീട് കൈമാറിയതെന്ന് അഹ്‌സാന്‍ കുറ്റസമ്മതം നടത്തിയത് .

ചണ്ഡീഗഡ്: ഹരിയാനയില്‍ വീട്ടിനുള്ളില്‍ മൂന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. രണ്ടാം ഭാര്യയെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. വീട് പുതുക്കി പണിയുന്നതിനിടെ സരോജ് എന്ന സ്ത്രീയാണ് മുറിയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാലപഴക്കം കൊണ്ട് മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച്‌ അസ്ഥികൂടമായ അവസ്ഥയിലായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2017ലാണ് ഈ വീട് സരോജ് വാങ്ങിയത്. അതിന് മുന്‍പ് പവന്‍ എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു വീട്. പവന്‍ അഹ്‌സാന്‍ സെയ്ഫിയുടെ കൈയില്‍ നിന്നാണ് വീട് വാങ്ങിയത്. വീട് പലതവണ കൈമാറിയാണ് സരോജിന്റെ കൈവശം എത്തിയത്. അഹ്‌സാന്റെ സ്വഭാവത്തില്‍ പവന്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഹ്‌സാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെയാണ് അഹ്‌സാന്‍ വഞ്ചിച്ചതെന്ന് പൊലീസ് പറയുന്നു. കല്യാണം കഴിച്ച കാര്യം മറച്ചുവെച്ചാണ് സ്ത്രീകളെ ഒന്നിന് പിറകെ ഒന്നായി വഞ്ചിച്ചത്. മരപ്പണിക്കാരനായ അഹ്‌സാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അന്വേഷണസമയത്ത് അഹ്‌സാന്‍ ഉത്തര്‍പ്രദേശിലാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യയെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ അഹ്‌സാന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

കല്യാണം കഴിച്ചതാണ് എന്ന കാര്യം മറച്ചുവെച്ച്‌ മൂന്ന് സ്ത്രീകളെ യുവാവ് വഞ്ചിച്ചതായും പൊലീസ് പറയുന്നു. വെബ്‌സൈറ്റ് വഴിയാണ് കൊല്ലപ്പെട്ട നാസ്‌നീനെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കുകയായിരുന്നു. ഒന്നാമത്തെ കല്യാണം മറച്ചുവെച്ചാണ് നാസ്‌നീനെ അഹ്‌സാന്‍ വിവാഹം കഴിച്ചത്. കല്യാണത്തിന് ശേഷം അഹ്‌സാന്‍ താമസം പാനിപത്തിലേക്ക് മാറ്റി. അതിനിടെ ഉത്തര്‍പ്രദേശിലെ ഒന്നാമത്തെ ഭാര്യയെയും മക്കളെയും കൂടെകൂടെ പോയി കണ്ടിരുന്നു.

ഇത് തിരിച്ചറിഞ്ഞതോടെ നാസ്‌നീൻ ഇയാളുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് നാസ്‌നീനെ കൊല്ലാന്‍ അഹ്‌സാന്‍ തീരുമാനിക്കുകയായിരുന്നു. നാസ്‌നീനെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്തി വീട്ടിലെ മുറിയില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്നാണ് പവന് വീട് കൈമാറിയതെന്ന് അഹ്‌സാന്‍ കുറ്റസമ്മതം നടത്തിയത് . ഈ കൊലപാതകങ്ങൾക്ക് ശേഷവും ഇയാൾ മൂന്നാമത് മറ്റൊരു വിവാഹം കഴിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button