കൊച്ചി : തലയോലപ്പറമ്പിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ മരിച്ചത് കാലായില്‍ മാത്യു തന്നെയാണെന്നതിനു സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാജനോട്ടുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണു മാത്യുവിനെ കൊലപ്പെടുത്തിയായി പ്രതി അനീഷ് സമ്മതിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു. പിന്നീട് ഈ സ്ഥലത്ത് മറ്റൊരു കെട്ടിടം ഉയര്‍ന്നു.
പണമിടപാടുകള്‍ നടത്തിയിരുന്ന മാത്യു (44) 2008ല്‍ തലയോലപ്പറമ്പില്നിന്നാണു കാണാതായത്. അന്നു പള്ളിക്കവലയ്ക്കു സമീപത്തെ സിനിമാ തിയറ്ററിനടുത്തു മാത്യുവിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പലരോടും പണം കടം വാങ്ങി പലിശയ്ക്കു കൊടുക്കുന്ന ആളായിരുന്നു മാത്യു. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. പലരില്‍നിന്നു വാങ്ങിയ പണവുമായി മുങ്ങിയതാണെന്ന് അന്നു പ്രചാരണം ഉണ്ടായി.
കള്ളനോട്ട് കേസില്‍ പിടിയിലായ അനീഷാണു പിതാവിന്റെ തിരോധാനത്തിനു പിന്നില്‍ എന്ന സംശയത്തില്‍ മാത്യുവിന്റെ മകള്‍ നൈസി മാത്യുവാണു ഡിസംബര്‍ നാലിനു തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതി അനീഷാണെന്ന വിവരം പിന്നീടു നല്‍കിയത് അനീഷിന്റെ തന്നെ പിതാവാണ്. പൊലീസ് കെട്ടിടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിച്ചു നടത്തിയ പരിശോധനയിലാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Post Your Comments