ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. രാജ്യത്തെ ജനങ്ങളെ ആരുടെ മുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യൻ സൈന്യം ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതാണ്. ഒരു രാജ്യമെന്ന നിലയിൽ പുരോഗതി കൈവരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം ആവശ്യമാണ്. പാംഗോങ് സോ തടാകത്തിന് സമീപമുണ്ടായ സംഘർഷത്തിന് ശേഷം അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമാണ്. ചില മേഖലകളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. യാഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനുമായി വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ ധാരണയായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമാണ്. മാർച്ച് മാസത്തിൽ ഒരു തവണ മാത്രമാണ് പാകിസ്താന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടായത്. ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് വികസനത്തിന് വേഗം കൂട്ടാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ താഴ്‌വര നിലവിൽ സാധാരണ നിലയിലാണ്. യുവാക്കളെ ഭീകരതയിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇന്ത്യൻ സൈന്യം ആവിഷ്‌ക്കരിക്കുന്നുണ്ടെന്നും കരസേന മേധാവി കൂട്ടിച്ചേർത്തു.
Post Your Comments