മുംബൈ: 2021 ല്‍ ലോകത്തെ ഞെട്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഒരു കൂട്ടം പദ്ധതികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. വരാനിരിക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഉത്പ്പന്നങ്ങളും
സേവനങ്ങളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ടെക്‌നോളജി ഭീമന്മാരില്‍ നിന്നടക്കം നിക്ഷേപം സ്വീകരിച്ച് ജിയോ അടുത്ത അങ്കത്തിനായി ഗോദയിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യ ഒരു ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ നിരവധി ടെക്‌നോളജി ഉത്പ്പന്നങ്ങളായിരിക്കും ജിയോ അവതരിപ്പിക്കുക.
‘മെയ്ഡ് ഇന്‍ ഇന്ത്യ’ മുതല്‍ പല ബാനറുകളും പതിപ്പിച്ചായിരിക്കും ജിയോയുടെ ഉത്പ്പന്നങ്ങള്‍ അണിനിരക്കുക എന്നത് എതിരാളികളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടത് അടുത്ത തലമുറ ടെലികോം സാങ്കേതികവിദ്യയായ 5ജി നെറ്റ് വര്‍ക്കും അനുബന്ധ ഉത്പ്പന്നങ്ങളുമായിരിക്കും. 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുമ്പോള്‍ തന്നെ അത് ഉപയോഗിക്കാനുള്ള ഉത്പ്പന്നങ്ങളും കുറഞ്ഞ നിരക്കില്‍ ജിയോ ഉറപ്പുവരുത്തിയേക്കും.
കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 5 ജി ഫോണ്‍ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2021 ന്റെ രണ്ടാം പകുതിയില്‍, മിക്കവാറും ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും ഇത് നടക്കുക. ചടങ്ങില്‍ റിലയന്‍സ് ജിയോബുക്ക് എന്ന പുതിയ ലാപ് ടോപ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ജിയോബുക്കിന്റെ സവിശേഷതകളും രൂപകല്‍പ്പനയും നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍, റിലയന്‍സ് ജിയോയുടെ 5ജി ഫോണ്‍ സംബന്ധിച്ച് കുറച്ച് വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ജിയോയുടെ 5ജി ഫോണുകള്‍ അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിയോയുടെ 5ജി ഫോണ്‍ കേവലം 2500 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് ചിലര്‍ പ്രവചിക്കുന്നത്. ഈ വില നോക്കുമ്പേള്‍ ഫോണിന്റെ ഫീച്ചറുകള്‍ എന്‍ട്രി ലെവല്‍ ആയിരിക്കുമെന്ന് കരുതാം.
Post Your Comments