ഈരാറ്റുപേട്ട : തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ജനപക്ഷം സ്ഥാനാർഥി പി സി ജോർജിനെ കൂവി നാട്ടുകാർ. പി സി ജോർജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയിലെ തീക്കോയി പഞ്ചായത്തില്‍ എത്തിയപ്പോൾ ആയിരുന്നു സംഭവം. വാഹന പ്രചരണത്തിനിടെ ഈരാറ്റുപേട്ടയിൽ പ്രസംഗിക്കാൻ വാഹനം നിർത്തിയ സമയത്ത് ആയിരുന്നു ഒരു സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എൽ.എ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം.
Read Also : വിരൽ ഞൊടിക്കുന്നതുപോലെയാണ് കാർഷികബിൽ പാസ്സാക്കിയത്; കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് സന്ദീപാനന്ദ ഗിരി
പി സി ജോർജിന്റെ വാക്കുകൾ ഇങ്ങനെ :
‘ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥി ആയിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. നിങ്ങളിൽ സൗകര്യമുള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് വിരോധമില്ല. മനസിലായല്ലോ? നിന്റെയൊക്കെ വീട്ടിൽ കാർന്നോൻമാർ ഇങ്ങനെയാണ് പഠിപ്പിച്ച് വിട്ടതെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്. സ്വൽപം കൂടെ മാന്യത പഠിപ്പിച്ച് വിടുമെന്നാ ഞാൻ ഓർത്തത്. കാർന്നോൻമാര് നന്നായാലേ മക്കളെ നന്നാകൂ. അതുകൊണ്ട് ഞാൻ അള്ളാഹുവിനോട് ദുആ ചെയ്യാം. നിന്നെയൊക്കെ നന്നാകാൻ വേണ്ടി. വേറൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതി. മനസിലായില്ലേ? ഇതാണ് രാഷ്ട്രീയം. എടാ, ഒരു സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലേ? ഇലക്ഷൻ കമ്മീഷനിൽ പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തേ. മനസിലായോ? (ഈ സമയത്ത് ജനക്കൂട്ടത്തിൽ നിന്ന് പോടാ എന്നു ചേർത്ത് മോശം പദപ്രയോഗം). എന്നെയാ പേടിപ്പിക്കുന്നേ. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്നവനാടാ. ഞാൻ എവിടെ പോകാനാ. ഇവിടെ തന്നെ കിടക്കും മനസിലായോ? നീ അല്ല ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല, ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ. ഇങ്ങനെ തന്നെ പോകും, മനസിലായില്ലേ? നീ വല്യ വർത്തമാനം പറയുന്നു. പോടാ അവിടുന്ന്. അപ്പോ നല്ലവരായ നിങ്ങള്, സന്മനസളളവര് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ എളിയ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി നമസ്കാരം’
Post Your Comments