ഹരിപ്പാട്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ച് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ.അർജുൻ(23) ആണ് ജീവനൊടുക്കിയിരിക്കുന്നത്. ഞായറാഴ്ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അർജുൻ പൊലീസിന് മൊഴി നൽകി.
സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അർജുൻ ഓൺലൈൻ ഗെയിം കളിച്ചിരുന്നത്. ഒരു ലക്ഷം രൂപയോളം അർജുന് നഷ്ടമായി. സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാൻ അർജുനെ ഏൽപിച്ച 60,000 രൂപയാണ് നഷ്ട്ടമായിരിക്കുന്നത്. സുഹൃത്തിന് പണം തിരിച്ചു നൽകേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അർജുൻ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറയുകയുണ്ടായി. അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 25,000 രൂപയും എടുത്തിരുന്നു.
ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു ഉണ്ടായത്. ബൈക്ക് ബണ്ടിനു സമീപമുള്ള റോഡിൽ നിന്ന് പൊലീസ് കണ്ടെത്തി. ഹെൽമറ്റ് തലയിൽ വച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. അതിനാൽ മുഖത്ത് പൊള്ളലേറ്റിരുന്നില്ല. ശനിയാഴ്ച വീട്ടിൽ നിന്നു ബൈക്കിൽ തൃശൂരിലേക്കു പോയ അർജുൻ മടങ്ങി വരും വഴി പെട്രോൾ വാങ്ങിയിരുന്നെന്നാണ് സൂചന ലഭിക്കുന്നത്.
നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അർജുൻ ഇന്നലെ രാവിലെ മരിച്ചു. തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കഴിഞ്ഞ വർഷം ബിടെക് പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അർജുനന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്: ശാലിനി ദേവി. സഹോദരൻ: കെ. അരവിന്ദ്.
Post Your Comments