ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകും.
എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യണമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിലെ നിർണായക ചുവടുവെയ്പ്പാണിത്. കൂടുതൽ വാക്‌സിനുകൾ മാർക്കറ്റിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിനേഷന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിന് മാത്രമാണ് ഇത് ബാധകം. ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിൻ എടുത്തവർ അടുത്ത എട്ടാഴ്ച്ചക്കുള്ളിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.
പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. നാലു മുതൽ എട്ട് ആഴ്ച്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. നാലു മുതൽ ആറാഴ്ച്ചകളുടെ വ്യത്യാസത്തിൽ വാക്‌സിൻ നൽകാമെന്നായിരുന്നു കൊവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകിയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നത്.
Read Also: ‘പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു’; കോൺഗ്രസ് വിടാനൊരുങ്ങി സുരേഷ് ബാബു, ബിജെപിയിലേക്കെന്ന് സൂചന
Post Your Comments