തിരുവനന്തപുരം: എല്‍.ഡി.എഫിന് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങള്‍ യു.ഡി.എഫിനേയും മുസ്ലിംലീഗിനേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകള്‍ പുറത്തുവിടുന്ന തെരഞ്ഞെടുപ്പ് സര്‍വേകള്‍ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സര്‍വേ ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു . ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പരാതി. സര്‍വേകള്‍ തടയണം, എല്ലാം കൃത്രിമമായി തയ്യാറാക്കുന്നതാണ്. ജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത് എന്നും ചെന്നിത്തല പരാതിയില്‍ പറയുന്നു.
Read Also :കെ.എന്‍.എ ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; നിലപാട് തിരുത്തി സമസ്ത നേതാവ്
കഴിഞ്ഞ ദിവസം സര്‍വേക്കെതിരെ പ്രതികരിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷത്തെയും തന്നെയും മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്നും ആരോപിച്ചിരുന്നു. മാദ്ധ്യമങ്ങള്‍ പരസ്യം കിട്ടിയതിന്റെ ഉപകാര സ്മരണയിലാണ്. അഭിപ്രായ സര്‍വേകളില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന യഥാര്‍ത്ഥ വോട്ടെടുപ്പില്‍ മാത്രമാണ് വിശ്വാസം. സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് മാദ്ധ്യമങ്ങള്‍. 200 കോടി രൂപയുടെ പരസ്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ പ്രത്യുപകാരമാണ് മാദ്ധ്യമങ്ങള്‍ കാണിക്കുന്നതെന്നും ഇത് മാദ്ധ്യമ ധര്‍മ്മമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഗുജറാത്തിലെ മാദ്ധ്യമത്തില്‍ കേരള സര്‍ക്കാരിന്റെ പരസ്യം വന്നതും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments