ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുകുത്തുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് തീരുമാനം. മാര്‍ച്ച് 23,24 തീയതികളില്‍ ഡല്‍ഹിയിലാണ് ചര്‍ച്ച. ഇതിനായി വിദഗ്ദ്ധരുള്‍പ്പടെയുള്ള പാക് ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. 116-ാമത് യോഗമാണ് ചൊവ്വാഴ്ച മുതല്‍ നടക്കുന്നത്.
Read Also :സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസ് റെയ്ഡ്
പാകിസ്ഥാന്റെ സിന്ധു നദീജല കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് മെഹര്‍ അലിഷാ ആണ് സംഘത്തലവന്‍. ലഡാക്കിലെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തങ്ങള്‍ക്കുള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് പാകിസ്ഥാന്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഭാവി കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
സിന്ധു നദീജല കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഓരോ വര്‍ഷവും കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഇത് ഇന്ത്യയിലോ പാകിസ്ഥാനിലോ ആകാം. എന്നാല്‍ ജമ്മുകാശ്മീനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടര്‍ന്നും കോവിഡ് മൂലമുള്ള മറ്റ് പ്രശ്‌നങ്ങളാലും രണ്ടുവര്‍ഷമായി കൂടിക്കാഴ്ച നടന്നിരുന്നില്ല.
1960 സെപ്തംബര്‍ 19 ന് കറാച്ചിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാര്‍ പ്രകാരം ബിയാസ്,രവി, സത്ലജ്, സിന്ധു, ഝലം, ചിനാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതില്‍ ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് നദികളുടെ നിയന്ത്രണം പാകിസ്ഥാനുമായിരിക്കും. സിന്ധു നദിയില്‍ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിലുള്ളത്. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
Post Your Comments