CricketLatest NewsNewsIndiaSports

ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ഒറ്റയ്ക്ക് നിന്ന് പോരാടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

 

മെല്‍ബണ്‍: 2022 ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പോരാടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

Read Also: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ: പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തും

പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യ വിജയിക്കുമോ എന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കിയ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോഹ്ലി 82 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോഹ്ലി സിക്സ് നേടിയിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സും, പന്തെറിയുന്നത് മുഹമ്മദ് നവാസും. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ടായതോടെ ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക് എത്തി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോഹ്ലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ രാഹുല്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില്‍ സ്ലിപ്പില്‍ ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്‍ദിക്- കോഹ്ലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button