ശബരിമല യുവതി പ്രവേശന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് എന്ന് സർക്കാർ സത്യവാങ്മൂലത്തിലുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്നും കാനം പറഞ്ഞു. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാനത്തിന്റെ പ്രതികരണം.
ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതി പ്രവേശന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തിലുണ്ട്. ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല. ഹിന്ദു ധർമ്മത്തിൽ പ്രാവീണ്യമുള്ളവരെ വെച്ച് അതിന്റെ ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം വ്യക്തമാക്കി.
ശബരിമലയിൽ യുവതി പ്രവേശനം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്തിടെ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ, കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം, നിലപാടിൽ മാറ്റമില്ലെന്നായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന.
Post Your Comments