ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബര്‍ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
പുതുതായി 46,951 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ 3,34,646 പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 21,180 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,11,51,468 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇന്നലെ 212 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് മരണം 1,59,967 ആയി ഉയർന്നു. ജനുവരി ഒമ്പതിന് 228 പേര്‍ മരിച്ചതാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. മഹാരാഷ്ട്ര കോവിഡ് വ്യാപനത്തില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. 30,535 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിത നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്. പഞ്ചാബില്‍ 2644, കേരളത്തില്‍ 1875, കര്‍ണാടകത്തില്‍ 1715, ഗുജറാത്തില്‍ 1580 എന്നിങ്ങനെയാണ് ഉയര്‍ന്ന രോഗബാധിതരുടെ കണക്ക്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് രാജസ്ഥാനില്‍ ജയ്പൂരും അജ്മീറും അടക്കം എട്ടു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഛത്തീസ് ഗഡില്‍ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു.
Post Your Comments