പശ്ചിമ ബംഗാളിലെ ഔസ്ഗ്രാം മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കലിത മാഝിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഞ്ച് വീടുകളിലെ വീട്ടുജോലിക്കാരിയാണ് കലിത. ഇവിടെയെല്ലാം ഒരു മാസത്തെ അവധിക്ക് അപേക്ഷ നൽകിയശേഷമാണ് കലിത തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലേക്ക് വന്നുകയറുന്നത്. 27 മാർച്ച് മുതൽ 29 ഏപ്രിൽ വരെ എട്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഔസ്ഗ്രാം എന്ന പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള അവസരം ബിജെപി ഇത്തവണ നൽകിയത് കലിതയ്ക്കാണ്.
അഞ്ച് വീടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ വീട്ടുജോലി ചെയ്താണ് കലിത കുടുംബം നോക്കുന്നത്. വീണു കിട്ടിയ അവസരത്തിൽ ഈ വീടുകളിലെല്ലാം അവധി അപേക്ഷ നൽകിയ ശേഷമാണ് കലിത പ്രചരണത്തിനായി ഇറങ്ങുന്നത്. ആദ്യമൊക്കെ അഞ്ച് വീടുകളിലും ഓടിയെത്തി പണികളൊക്കെ തീർത്ത ശേഷം കിട്ടുന്ന സമയത്തിനനുസരിച്ചായിരുന്നു പ്രചരണം. എന്നാൽ, അത് പോരാതെ വന്നതോടെയാണ് അവധിയെടുക്കാമെന്ന് തീരുമാനിച്ചത്.
‘ഒരു മാസത്തേക്ക് ഒന്ന് സഹകരിക്കണം’ എന്ന അപേക്ഷയുമായിട്ടാണ് കലിത ജോലിചെയ്യുന്നിടങ്ങളിലെ വീട്ടമ്മമാരെ സമീപിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കലിത ജയിച്ചാൽ, ബംഗാൾ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു വീട്ടുജോലിക്കാരി നിയമസഭാ സാമാജികയായി അസംബ്ലിയിലെത്തും. എങ്കിൽ അതാകും യഥാർത്ഥ ജനാധിപത്യം. സാധാരണക്കാരിയായ ഒരു വീട്ടമ്മയെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതിലൂടെ തന്നെ യഥാർത്ഥ ജനാധിപത്യം എന്താണെന്ന് ബിജെപി തെളിയിച്ച് കഴിഞ്ഞുവെന്നാണ് പൊതുസംസാരം. ലിതയുടെ ജോലിയിലുള്ള അർപ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘർഷങ്ങൾക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാർട്ടി അവർക്ക് സീറ്റ് നൽകിയത്. കലിതയുടെ ഭർത്താവ് ഒരു പ്ലംബറാണ്. മൂന്നാം ക്‌ളാസിൽ പഠിക്കുന്ന പാർഥ് എന്നൊരു മകനും അവർക്കുണ്ട്.
Post Your Comments