തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ചാക്കോ. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പി.സി ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത നേതാവാണെന്നും പി.സി ചാക്കോ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നമുണ്ട്. രാഹുല്‍ ഗാന്ധി എവിടെ പോകുന്നു, എപ്പോള്‍ വരുന്നു എന്നൊന്നും ആര്‍ക്കുമറിയില്ല. പാര്‍ട്ടിയുടെ നിര്‍ജീവാവസ്ഥയെ വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കേണ്ടതാണ്. ഇതിനുപോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും പി.സി ചാക്കോ വിമര്‍ശിച്ചു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ വിപുലമായ സഖ്യം ഉയര്‍ന്നുവരണം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു.
read also: “ഇല്ല.. ഇല്ല.. ഇല്ല..” ഇമ്പോസിഷൻ അല്ല, കുമ്മനത്തിന്റെ നാമനിർദ്ദേശ പത്രിക ആണ്
രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്‌ചപ്പാട് നഷ്ടപ്പെടുന്നു. വയനാട്ടില്‍ മത്സരിച്ചത് ഇതിന് ഉദാഹരണമാണ്. ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്‌തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് എതിരെ മത്സരിക്കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.
Post Your Comments