പത്തനംതിട്ട : ശബരിമലയിലെ പുണ്യഭൂമിയില്‍ പ്രശ്നം സൃഷ്ടിച്ചത് ഇടതു സര്‍ക്കാരാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആറന്മുള നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുടെ വിജയത്തിനായി സംഘടിപ്പിച്ച യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ യുവതീ പ്രവേശം സാധ്യമാകുന്ന രീതിയില്‍ ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉടനടി പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചു രക്ഷപ്പെടാമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളിയും മുഖ്യമന്ത്രിയും വിചാരിക്കുന്നത്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നയമായ സത്യവാങ്മൂലം തിരുത്തണം. അതോടെ ശബരിമലയിലെ നിലവിലെ പ്രശ്നങ്ങളെല്ലാം തീരും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യെച്ചൂരിയുടെ പ്രസ്താവന വന്നിരിക്കുന്നത്. സിപിഎം സെക്രട്ടറിയെക്കാളും വലിയ നേതാവല്ല കടകംപള്ളി. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസികളുടെ രോഷത്തിനു മുമ്പില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ആദ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ സത്യവാങ്മൂലം 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്‍വലിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പുതിയ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് വീണ്ടും ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന പുതിയ സത്യവാങ്മൂലം നല്കി. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ യുവതീ പ്രവേശം നടപ്പാക്കാനുള്ള വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments