
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ ശബരിമല വിഷയം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. നേരത്തെ ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതിന് പിന്നാലെ ഇടത് പക്ഷം വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന നിലപാടുമായി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും സി.പി.എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും കോടിയേരി പറഞ്ഞതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷം. അതിപ്പോ, ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലിം മതവിശ്വാസികളുടെ ആണെങ്കിലും. അതുകൊണ്ടാണല്ലോ ബാബറി മസ്ജിദ് പൊളിച്ചതിനെ എതിര്‍ത്തത്. ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി
സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. മതവിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുന്ന ഒന്നും ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യില്ല. ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരിമലയില്‍ കയറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. യുവതി പ്രവേശത്തില്‍ സിപിഎമ്മിന് കടുംപിടിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല ഇപ്പോള്‍ ശാന്തമാണ്. ഇല്ലാത്ത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രചാരണ തന്ത്രമാണെന്നും ഇത്തരം പ്രചരണങ്ങള്‍ വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Post Your Comments