തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചതോടെ ത്രിപുരയിൽ വികസനങ്ങൾ നടക്കുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയില്‍ കേരളം ത്രിപുരയ്ക്ക് പിന്നിലാണെന്നും ബിപ്ലവ് ദേബ് പറഞ്ഞു. മലയാളികള്‍ ഗള്‍ഫില്‍ ജോലി തേടി പോകാന്‍ കാരണക്കാരായത് കാലങ്ങളായി ഇവിടം ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണെന്നും ബിപ്ലവ് ദേബ് പറഞ്ഞു. ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ താൻ വന്നപ്പോള്‍ മണിക് സര്‍ക്കാരിനെതിരെ ഈ ചെറിയ പയ്യന്‍ എന്തു ചെയ്യുമെന്ന് ചോദിച്ചവരുണ്ട്. ഒരു കൗണ്‍സിലര്‍ പോലും ഇല്ലാത്ത ത്രിപുരയിലാണ് ബിജെപി ഭരണം പിടിച്ചത്. അതുപോലെ കേരളത്തിലും ഭരണം പിടിക്കും. ഇടതുവിരുദ്ധ വികാരം കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഉണ്ട്-ബിപ്ലവ് കുമാര്‍ പറഞ്ഞു.
മോദിയ്ക്ക് വേണ്ടി വോട്ടുചെയ്താല്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാര്‍ ഉണ്ടാകും. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയതിന് ശേഷം ത്രിപുരയില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ കുറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്ന കാലം കഴിഞ്ഞു. ബിജെപി വന്നാല്‍ മുസ്ലിങ്ങളെ ബംഗ്ലദേശിലേക്ക് നാടുകടത്തുമെന്ന് പറഞ്ഞു, ത്രിപുരയില്‍ ഒരു മുസ്ലിം സഹോദരന് എതിരെ പോലും ഒരു പ്രശ്‌നവും ഉണ്ടായില്ല. ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്നത് കമ്യൂണിസ്റ്റുകളുടെ പ്രചാരണമാണ്. ജാതി മത സമവാക്യത്തിലുള്ള രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. വികസനത്തിന്റെ രാഷ്ട്രീയത്തിന്റെ കാലമാണിത്. ബിപ്ലവ് ദേബ് ചൂണ്ടിക്കാട്ടി.
Post Your Comments