ന്യൂഡല്‍ഹി: കേരളം, കര്‍ണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ട് നടത്തിയ റെയ്ഡിൽ 2 മലയാളികളെയും പിടികൂടിയിരുന്നു. കേരളത്തിൽ നിന്നുള്ള മുഹമ്മദ് അമീന്‍(അബു യഹിയ), ഡോ. റഹീസ് റഷീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ ജമ്മു കശ്മീർ അടക്കമുള്ള സ്ഥലങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി മൊഴി. കേരളം, കാശ്മീർ, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനും അക്രമങ്ങൾ നടത്താനും ഗൂഢാലോചന നടത്തിയെന്ന് എൻ ഐ എ റിപ്പോർട്ട്. കേരളത്തിലും കർണാടകയിലും പ്രമുഖരായ ചിലരെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. സംഘം ജമ്മുകാശ്മീരിലേക്ക് മതപരമായ കുടിയേറ്റം നടത്താൻ പദ്ധതിയിട്ടു എന്നാണ് എൻ ഐ എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
യുഎപിഎ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തി. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയ സംഘം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും പദ്ധതിയിട്ടു. യുവാക്കളെ സ്വാധീനിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഐഎസ് ഭീകരവാദം പ്രചരിപ്പിക്കുന്നതിനൊപ്പം ചിലരെ വധിക്കാനും അബു യഹിയ മേധാവിയായ സംഘത്തിന് ഉദ്ദേശമുണ്ടായിരുന്നു. ബംഗളൂരുവില്‍ ഡന്റല്‍ ഡോക്ടറായ ഓച്ചിറ മേമന സ്വദേശി റഹീസ് റഷീദ് രണ്ടാഴ്ച മുന്‍പാണ് ഭാര്യയ്‌ക്കൊപ്പം ഓച്ചിറയിലെ വീട്ടിലെത്തിയത്.
Post Your Comments