കണ്ണൂര്‍: കോവിഡ് വ്യാപന ഘട്ടത്തിൽ കേരളത്തില്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചാരണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം.
”ഇത് സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കാം എന്നാണ് കേരളത്തിലെ ബിജെപി-കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ” അദ്ദേഹം ചൂണ്ടിക്കാട്ടി
Post Your Comments