കൊല്‍ക്കത്ത: ആറ് ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചാണ് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് മമതയുടെ പ്രതിയോഗിയും ബി.ജെ.പി. സ്‌ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി. നാമനിര്‍ദേശ പത്രിക ചോദ്യംചെയ്‌ത് സുവേന്ദു തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. അസമില്‍ 2018-ല്‍ എഫ്.ഐ.ആര്‍. ഇട്ട അഞ്ച് കേസുകളും ഒരു സി.ബി.ഐ. എഫ്.ഐ.ആറും മമതയ്‌ക്കെതിരേ നിലനില്‍ക്കുന്നുണ്ടെന്ന് മമതയുടെ മുന്‍ വിശ്വസ്‌തനായിരുന്ന സുവേന്ദു ആരോപിച്ചു.
ആറ് എഫ്.ഐ.ആറുകളില്‍ ഒന്ന് റദ്ദാക്കാന്‍ മമത കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെന്ന് സുവേന്ദു പറഞ്ഞു. പക്ഷേ, ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കൃത്യമായ തെളിവുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നതെന്നും കമ്മിഷന്‍ യുക്‌തമായ തീരുമാനമെടുക്കുമെന്നും സുവേന്ദു പറയുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മോദിജിക്കായാലും മമതയ്‌ക്കായാലും തനിക്കായാലും.
ഞാനെന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. തെളിവും ഹാജരാക്കി. ഇനിയെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന്റെ കൈയിലാണെന്നും സുവേന്ദു പറയുന്നു.തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു ബി.ജെ.പി. പാളയത്തിലെത്തിയത്. പിന്നാലെ, മമതയെ തളയ്‌ക്കാന്‍ പഴയ ആത്മമിത്രത്തെത്തന്നെ ബി.ജെ.പി. നന്ദിഗ്രാമില്‍ നിയോഗിക്കുകയും ചെയ്‌തു.
Post Your Comments