കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി. സംഭവത്തെ തുടര്‍ന്ന്, ഏകപക്ഷീയമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിര്‍ഭൂം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍, ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ പ്രസ്താവന നടത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്, തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ നടത്തിയ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ട ബിര്‍ഭൂം അക്രമത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. തുടര്‍ന്നാണ് ബഹളവും സംഘര്‍ഷവുമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്, മൂക്കില്‍ നിന്ന് രക്തം വന്ന തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് പുറമെ, ദീപക് ബര്‍മന്‍, ശങ്കര്‍ ഘോഷ്, മനോജ് ടിഗ്ഗ, നരഹരി മഹതോ എന്നിവരാണ് സസ്പെന്‍ഡ് ചെയ്തത്. ഈ വര്‍ഷം പൂർണ്ണമായും ഇവരെ സഭയില്‍ ഹാജരാകുന്നതിന് സ്പീക്കര്‍ വിലക്കി. എന്നാൽ, ബംഗാളിലെ ക്രമസമാധാന പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എമാരെ മര്‍ദ്ദിക്കാന്‍ പൊലീസിനെ ഉപയോഗിച്ചെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Post Your Comments