NattuvarthaLatest NewsKeralaNews

ബി.ജെ.പി കോടികളും സീറ്റും വാഗ്ദാനം ചെയ്തു; എം.എ. വാഹിദ്, പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി. ഗോപാലകൃഷ്‌ണന്റെ മറുപടി

ബി.ജെ.പി ഏജന്റുമാർ കോടികൾ വാഗ്ദ്ധാനം ചെയ്‌ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ.വാഹിദ്. സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായി നിർത്താമെന്നായിരുന്നു വാഗ്ദ്ധാനമെന്നും വാഹിദ് വ്യക്തമാക്കി. അതൃപ്‌തരായ നേതാക്കളെയാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും, ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്‌ക്ക് എതിരെ നിന്നിട്ടുളളൂവെന്നും വാഹിദ് പറഞ്ഞു.

അതിൽ ഇന്നും പശ്ചാത്താപമുള്ളതിനാൽ ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബി.ജെ.പി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും പ്രധാനപ്പെട്ട നേതാക്കളെ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും താൻ ബി.ജെ.പിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ്‌ വ്യക്തമാക്കി.

എന്നാൽ, കോടികൾ വാഗ്ദാനം ചെയ്‌ത് ബി.ജെ.പി ഏജന്റുമാർ കോൺഗ്രസ് നേതാക്കളെ സമീപിച്ചെന്ന വെളിപ്പെടുത്തൽ തളളി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്‌ണൻ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങൾ ആസൂത്രിതമായി കോൺഗ്രസ് നേതാക്കൾ ബോധപൂർവം മെനഞ്ഞെടുത്ത വാർത്തയാണിതെന്നും, ഇതെല്ലാം കോൺഗ്രസുകാരുടെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയിലേക്ക് വരാൻ മാനസികമായി തയ്യാറെടുത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചില ആളുകളെ ഉപയോഗിച്ച് ഇത്തരത്തിൽ വാർത്തകൾ സൃഷ്‌ടിക്കാനുളള കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. ബി.ജെ.പിയിലേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ പാർട്ടിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ച ശേഷം മാത്രമേ അദ്ദേഹത്തെ കാണാനായി പോവുകയുളളൂ. അതല്ലാതെ ഒരിക്കലും ബി.ജെ.പിയിലേക്ക് വരാൻ സാദ്ധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബി.ജെ.പിക്കാർ പൊട്ടന്മാരല്ല’. ഗോപാലകൃഷ്‌ണൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button