പാലക്കാട് വച്ചാണ് മലയാളികളെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേരുന്നത്. യാത്രക്കിടെ തോടിനരുകില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മാതാവിനെ പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനിരികിലാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പശ്ചിമബംഗാള്‍ സ്വദേശിനിയായ മാതാവിനെയാണ് അങ്കമാലിക്ക് സമീപം വച്ച് പൊലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിര്‍ത്തി കസ്റ്റഡിയിലെടുത്തത്.
രാവിലെ 10 മണിയോടെയാണ് കൈക്കുഞ്ഞിനെ തോട്ടരികില്‍ കണ്ടെത്തിയത്. പ്രാഥമിക ആവശ്യത്തിനെത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു നടത്തിയ പരിശോധനയില്‍ നവജാത ശിശുവിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസില്‍ അറിയിക്കുകയും വാളയാര്‍ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനത്ത് നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിയുന്നതും അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതും.
യുവതിയെ പിടികൂടുമ്പോൾ നേരത്തെ ആലുവയില്‍ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധുവായ ഒരു യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പി.എച്ച്.സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചു.യുവതിയെ കുഞ്ഞിനടുത്തേക്ക് കൊണ്ടു എത്തിക്കാനായി വാളയാറില്‍ നിന്നും പൊലീസ് സംഘം അങ്കമാലിയിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ടോടെ യുവതിയെ പാലക്കാട്ടേക്ക് കൊണ്ടു പോകും. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ബാലവാകാശ നിയമ പ്രകാരം വാളയാര്‍ പൊലീസ് യുവതിക്കെതിരെ കേസെടുത്തു. എന്താണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണം എന്നറിയാന്‍ യുവതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. തുടർനടപടികൾ നടന്നുവരുന്നതേയുള്ളൂ .
Post Your Comments