പാലോട്: മതിയായ യോഗ്യതകളില്ലാതെ രോഗികള്‍ക്ക് ചികിത്സ നല്കി വന്ന സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ഡീസന്റ്മുക്ക് ഹിസാന മന്‍സിലില്‍ സോഫി മോള് (43) ആണ് അറസ്റ്റിലായത്. സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവര്‍ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസില്‍ താമസിച്ച് ഭര്‍ത്താവുമൊത്തു വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ചികിത്സ നടത്തിവരികയായിരുന്നെന്നും ഇപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വന്തമായി ചികിത്സ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
ആള്‍ട്ടര്‍നേറ്റ് മെഡിസിന് സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ ഒരുസ്ഥാപനം നല്കിയ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയുടെ കളരിമര്‍മ ഗുരുകുലത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നത്.
ചികിത്സക്കായി ആളുകളില്‍ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നു. ഡോ. സോഫി മോള് എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മടത്തറയിലുള്ള സ്ഥാപനത്തില്‍ ഇവര്‍ ചികില്‍സ നടത്തുന്നതായ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ. മധുവിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രണ്ട് ദിവസം നീരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments