കൊച്ചി : മൂവാറ്റുപുഴയിൽ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാം കുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് പിടിയിലായത്. റൂറൽ ജില്ലാ സി ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രി ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിരുന്നു. മാദ്ധ്യമപ്രവർത്തകനാണെന്ന വ്യാജേനെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
ഡോക്യുമെന്ററി നിർമ്മിക്കാനെന്നു പറഞ്ഞ് ഇയാൾ ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടർന്ന് ചിത്രീകരണത്തിന് ശേഷം ദൃശ്യങ്ങൾ മോശമായി ഉപയോഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഡോക്ടറിൽ നിന്നും പതിനായിരം രൂപയും കൈക്കലാക്കി. ദൃശ്യങ്ങൾ മോശമായി ചാനലുകളിലും, പത്രങ്ങളിലും, ഓൺലൈൻ പോർട്ടലുകളിലും കൊടുക്കുമെന്ന് ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.
ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുളള സി ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പല സ്ഥലങ്ങളിലും മാറി മാറിയാണ് ഇയാൾ താമസിച്ചത്. തുടർന്ന് എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കർണ്ണാടകയിലെ കൂർഗിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഡി.വൈ.എസ്.പി വി. രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എ.എസ്.ഐ മാരായ കെ.എൽ. ഷാന്റി, എ.എ രവിക്കുട്ടൻ, സി.പി.ഒ നിയാസ് ബീരാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments