ഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാരെ ദര്‍ശനത്തിന് കൊണ്ടു പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അയോധ്യ ഭരിച്ചിരുന്ന ഭഗവാന്‍ ശ്രീരാമന്റെ ആദര്‍ശങ്ങളാണ് ഡല്‍ഹി ഭരിക്കുമ്പോള്‍ താന്‍ പിന്തുടരുന്നതെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഹനുമാന്‍ സ്വാമിയുടെ ഭക്തനാണെന്നും കെജരിവാള്‍ നിയമസഭയില്‍ പറഞ്ഞു. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താന്‍ അതിന്റെ ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭഗവാന്‍ ശ്രീരാമന്റെ ഭക്തനായ ഹനുമാന്‍ സ്വാമിയുടെ ആരാധകനാണ് ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഇരുവരുടെയും ആരാധകനാണ്. ശ്രീരാമദേവന്‍ അയോധ്യയിലെ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാ കാര്യങ്ങളും നന്നായി നടന്നിരുന്നു. എവിടെയും ദുഖം ഇല്ലായിരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. ഇതാണ് രാമരാജ്യം എന്ന ആശയം’. കെജരിവാള്‍ നിയമസഭയില്‍ പറഞ്ഞു.
രാജ്യഭരണത്തിന് ശ്രീരാമ ദേവന്‍ സ്വീകരിച്ചിരുന്ന തത്വങ്ങള്‍ മഹത്തരമായിരുന്നു. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, തൊഴില്‍, ഭവനങ്ങള്‍, സ്ത്രീ സുരക്ഷ, മുതിര്‍ന്നവരോട് ആദരവ് എന്നിവ ശ്രീരാമ ഭഗവാന്‍ ഉറപ്പ് വരുത്തിയിരുന്നു. അത് ഏതൊരു കാലത്തും ഏതൊരു ഭരണാധികാരിക്കും അനുകരണീയമാണെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.
Post Your Comments