പാലക്കാട്: പാലക്കാട് ജില്ലയിലെ തൃത്താലയില്‍ ഇത്തവണ വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത് . തുടര്‍ച്ചയായ മൂന്നാം തവണ ജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിലെ യുവ നേതാവ് വി.ടി. ബല്‍റാമിനെ വീഴ്ത്താന്‍ മുന്‍ എംപിയായ എം.ബി. രാജേഷിനെയാണ് സി.പി.എം ഇറക്കുന്നത്.
2011 മുതല്‍ തൃത്താല മണ്ഡലത്തിലെ എം.എല്‍.എയാണ് വി.ടി.ബല്‍റാം. 2011ല്‍ 3197 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞതവണ സുബൈദ ഇസ്ഹാഖായിരുന്നു ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി. അന്ന് 10547 വോട്ടിനായിരുന്നു ബല്‍റാമിന്റെ വിജയം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നുപേര്‍ക്ക് ഇളവ് നല്‍കാന്‍ സിപിഎം നേതൃയോഗം തീരുമാനിച്ചതോടെയാണ് എം.ബി. രാജേഷ് സീറ്റ് ഉറപ്പിച്ചത്. തൃത്താലയില്‍ ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശവും രാജേഷിന് തുണയായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വി.കെ. ശ്രീകണ്ഠനാണ് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ മണ്ഡലത്തില്‍ ഇടതും വലതും ഏറക്കുറെ ബലാബലത്തിലാണ്. ഇതോടെയാണ് ശക്തനായ സ്ഥാനാര്‍ത്ഥി എന്ന ലേബലില്‍ തൃത്താലയില്‍ ബല്‍റാമിനെതിരെ രാജേഷ് ഇറങ്ങുന്നത്.
Post Your Comments