കൊൽക്കത്ത: കത്തോലിക്കാ പുരോഹിതൻ പൗരോഹിത്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിലാണ് സംഭവം. ലയോള ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്നി ബോർണിയോ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് റോഡ്നി ബോർണിയോ പാർട്ടി അംഗത്വം സ്വീകരിച്ചത്.
അംഗത്വമെടുത്ത ശേഷം ബോർണിയോ വികാരഭരിതമായാണ് സംസാരിച്ചത്. താൻ ബിജെപിയിൽ ചേരുന്നത് തന്റെ ജീവിതത്തിലെ ഒരു പുതിയ പാതയാണെന്ന് അദ്ദേഹം പറഞ്ഞു. 22 വർഷമായി ഞാൻ സഭയിലൂടെ ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇനിമുതൽ ഞാൻ സഭയുടെ കുടക്കീഴില് നിന്നും മാറുകയാണ്, പകരം പുറത്തുള്ള ആളുകളെ നേരിട്ട് സേവിക്കാൻ മനസ് കൊണ്ട് തയ്യാറെടുത്തിരിക്കുകയാണെന്ന് ബോർണിയോ വ്യക്തമാക്കി.
1999 മുതൽ 2009 വരെ പുരോഹിതനായി പരിശീലനം നേടി, 2009 ലാണ് ബോര്‍ണിയോ പുരോഹിതനായത്. കഴിഞ്ഞ അഞ്ചുവർഷമായി ലയോള ഹൈസ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന അദ്ദേഹം. പൗരോഹിത്യം ഉപേക്ഷിച്ചതിനു പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
അതേസമയം സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കത്തോലിക്കാ സഭ. കൊൽക്കത്ത അതിരൂപതയിലെ കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ പുരോഹിതന്റെ വാക്കുകൾ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ബോർണിയോയുടെ തീരുമാനം ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദുഃഖിതനാണ്, പക്ഷേ പള്ളി വിട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നായിരുന്നു ബിഷപ്പിൻ്റെ പ്രതികരണം.
Post Your Comments