കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താനൊരു ബ്രാഹ്മണ സ്ത്രീയാണെന്നും ബിജെപി തന്നെ ഹിന്ദുവാകാന്‍ പഠിപ്പിക്കേണ്ടെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.
”വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് എന്നോട് ചെലവാകില്ല. ഞാനൊരു ബ്രാഹ്മണ സ്ത്രീയാണ്. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും വരുന്നവര്‍ ബംഗാളിനെ കുറിച്ച് എന്ന പഠിപ്പിക്കേണ്ട. താന്‍ തന്റ പേര് മറന്നേക്കും, എന്നാല്‍ ഒരിക്കലും നന്ദിഗ്രാം മറക്കില്ല”- പരിപാടിയില്‍ മമത പറഞ്ഞു.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയേയും മമത രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്തില്‍ നിന്നുള്ള ചിലര്‍ക്ക് സ്വന്തം ആത്മാവ് വില്‍പന നടത്തിയ ചിലര്‍ വര്‍ഗീയ കാര്‍ഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലര്‍ സംസാരിക്കുന്നത് 70:30 ഹിന്ദുമുസ്ലിം അനുപാതത്തെക്കുറിച്ചാണ്. അവര്‍ അപമാനിക്കുന്നത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ച് ചേർന്ന് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെയാണ്. നന്ദിഗ്രാമിലെ ജനങ്ങള്‍ ഏപ്രില്‍ ഒന്നിന് നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപിയെ ഏപ്രില്‍ ഫൂള്‍ ആക്കുമെന്നും മമത കൂട്ടിച്ചേർത്തു.
Post Your Comments