മുൻ കെ.പി.സി.സി സെക്രട്ടറിയും കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ്റെ സഹോദരുമായ പന്തളം പ്രതാപൻ അടൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ജില്ലയിലെ ബി.ജെ.പി പ്രവർത്തകർക്കിടയിൽ എതിർപ്പ് ശക്തമായി. പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരെ തഴഞ്ഞ് സ്ഥാനാർത്ഥിത്വത്തിനായി മറ്റു പാർട്ടികളിൽ നിന്ന് വന്ന അനർഹരായവർക്ക് സീറ്റു നൽകരുത് എന്നാണ് പ്രവർത്തകരുടെ ആവശ്യം.
അതേസമയം, അടൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്നതായും അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും അടൂരിൽ ബിജെപിക്ക് അട്ടിമറി വിജയം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ പന്തളം പ്രതാപന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് താൻ പാര്‍ട്ടി വിടാനുള്ള കാരണം. എന്നാൽ അർഹമായ പരിഗണന തനിക്ക് ബി.ജെ.പി നൽകുമെന്നും ഇപ്പോഴുള്ള അസ്വാരസ്യങ്ങൾ താൽക്കാലികമാണെന്നും ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണ ലഭിക്കുമെന്നും പന്തളം പ്രതാപന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്രൂപ്പുണ്ടെങ്കിലേ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ എന്ന സ്ഥിതിയാണ്. തനിക്ക് സീറ്റില്ല എന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ. സി. വേണുഗോപാലും തന്നെ അറിയിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് ബി,ജെ,പിയിൽ ചേരാൻ തീരുമാനമെടുത്തത് എന്നും പന്തളം പ്രതാപൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങില്‍ തിരുവനന്തപുരത്ത് വച്ചാണ് പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
Post Your Comments