മനാമ: ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ദേശീയ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതിയ വളര്‍ച്ചാസാധ്യതകള്‍ സൃഷ്ടിക്കണമെന്ന് റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് സ്വകാര്യ മേഖലയുടെയും റീട്ടെയ്ല്‍, ഹോള്‍സെയില്‍ വ്യവസായ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്. കോവിഡ് -19 വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളിലും സ്വകാര്യമേഖല നിര്‍ണായക പങ്കുവഹിച്ചു.
എന്നാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനം ഉറപ്പാക്കുന്നതിന് ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക നടപടികള്‍ക്കാണ് രാജ്യം ഊന്നൽ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നതില്‍ കിരീടാവകാശിയുടെ നേതൃത്വം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് എം.എ. യൂസുഫലി പറഞ്ഞു. ധനമന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
Post Your Comments