കൊച്ചി: ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളും പൊതുജനങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അവര്‍ക്കായുള്ള വിശദമായ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രവര്‍ത്തന മാര്‍ഗരേഖ.
Read Also : ഉത്തർപ്രദേശിൽ വികസന തേരോട്ടം ; പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പരിചയപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഉഷ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വരുന്ന മൂന്ന് മാസക്കാലം ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് രാത്രികാല താപനിലയില്‍ വര്‍ദ്ധനവിന് സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഒരേ സമയം ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഉഷ്ണതരംഗം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അപകടകരമാണ്.
തുറസ്സായ ഇടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളികള്‍, മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കരുതല്‍ ഈ കാലത്ത് സ്വീകരിക്കണം. സൂര്യാഘാതമേറ്റാല്‍ മരണസാധ്യത 50 ശതമാനം വരെയാകാമെന്നത് ഗൗരവമേറിയ വസ്തുതയാണ്. ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് പൂര്‍ണമായും മാതൃഭാഷയില്‍ തയ്യാറാക്കിയ ആദ്യത്തെ പ്രവര്‍ത്തനരേഖയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ.
ഉഷ്ണകാല ദുരന്ത ലഘൂകരണത്തിനായി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പ്രവര്‍ത്തനരേഖ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സൂര്യാതപത്തിന്റെ അളവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാതപ സൂചിക പരിശോധിച്ച് ജില്ലാതലത്തില്‍ മുന്നറിയിപ്പ് നല്‍കും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ചെറുക്കുന്നതിനായി നിര്‍മാണ രീതികളിലുള്‍പ്പെടെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കമ്മീഷ്ണര്‍ എ. കൗശികന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്ബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments