NattuvarthaLatest NewsKeralaNews

വാറ്റു ചാരായത്തെക്കുറിച്ച് പോൾ ചെയ്ത വ്ലോഗ് ഹിറ്റായി, പിന്നീട് പോളിനെ എക്സൈസ് പിടികൂടിയത് നാടകീയമായി

പ്രത്യേക വാറ്റ് ചാരായത്തെ കുറിച്ച് അഭിമുഖം എടുക്കാനെന്ന വ്യാജേന യൂട്യൂബ് വ്ളോഗര്‍മാരായി എത്തിയ എക്സൈസ് സംഘം വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് ചാരായം വില്‍പ്പന നടത്തുന്നയാളെ പിടികൂടി. ഇലവീഴാപ്പൂഞ്ചിറ ഇല്ലിക്കല്‍ക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍പന നടത്തിയിരുന്ന മേച്ചാല്‍ തൊട്ടിയില്‍ ‘കിടിലം പോള്‍’ എന്നറിയപ്പെടുന്ന പോള്‍ ജോര്‍ജിനെയാണ് പിടികൂടിയത്.

Also Read:കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും

പോളിന്റെ പൂക്കുല ഇട്ട് വാറ്റിയ ചാരായം യൂട്യൂബില്‍ വമ്പൻ ഹിറ്റായിരുന്നു. ഇതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ അടക്കം അഭിമുഖം എടുക്കാനാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പോളിനെ എക്സൈസ് സംഘം കുടുക്കിയത്. ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവര്‍ വിനോദസഞ്ചാരികളായി ഇല്ലിക്കല്‍ക്കല്ലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്താണ് പോളിനെ കുടുക്കിയത്. യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ചാരായവുമായി വണ്ടി പിടിച്ചെത്തിയ പോളിനെ എക്‌സൈസ് സംഘം നാടകീയമായി പിടികൂടുകയായിരുന്നു.

ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ ‘കിടിലം പോള്‍’ എന്ന് വിളിപ്പേരുള്ള പോള്‍ ജോര്‍ജ് എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുന്നതായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാല്‍, പഴുക്കാക്കാനം മേഖലയിലെ ചാരായ വില്‍പനക്കാരനായ പോള്‍ പ്രതിമാസം 100 ലിറ്ററോളം ചാരായം വില്‍പ്പന നടത്തുമായിരുന്നു. ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോള്‍ ലിറ്റര്‍ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. ഇങ്ങനെ മാറ്റിവയ്ക്കുന്നതിനാല്‍ പൊലീസോ എക്സൈസ് സംഘമോ തന്നെ പിടികൂടില്ല എന്നായിരുന്നു വിശ്വാസം. എന്നാല്‍ ആ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടായിരുന്നു എക്സൈസ് സംഘത്തിന്റെ അറസ്റ്റ്. പോളിന്റെ വീട്ടില്‍ നിന്ന് 16 ലീറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. വാഷ് സ്ഥലത്ത് വച്ചു തന്നെ നശിപ്പിച്ചു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

യൂട്യൂബിലെ വീഡിയോ കണ്ട് പോളിന്റെ ചാരായം കഴിക്കാനായി നിരവധിപേര്‍ ഇവിടുത്തെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കാനെത്തിയിരുന്നു. നടത്തിപ്പുകാര്‍ തന്നെ ചാരായം എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു വരികയായിരുന്നു. വളരെ രഹസ്യമായാണ് ഇടപാട് നടത്തിയിരുന്നത്. അതിനാല്‍ പലപ്പോഴും എക്സൈസ് സംഘത്തിന് പോളിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പോളിന്റെ വീട്ടില്‍ പലവട്ടം റെയ്ഡ് നടത്തിയിരുന്നെങ്കിലും രഹസ്യമായി സൂക്ഷിച്ചിരുന്ന ചാരായവും വാറ്റുപകരണങ്ങളും മറ്റും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യൂട്യൂബ് വ്ളോഗര്‍മാരെന്ന വ്യാജേന പോളിനെ സമീപിക്കാന്‍ തീരുമാനിച്ചത്. റിസോര്‍ട്ട് നവടത്തിപ്പുകാര്‍ തന്നെയാണ് പോളിനെ ബന്ധപ്പെടുത്തികൊടുത്തത്. ആവേശത്തോടെ എത്തിയ പോളിനെ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button