സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ആര്‍.എസ്.എസിന്റെ ഭാഗമായിരുന്നെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസ് ആണ്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്ന് ശ്രീധരന്‍ പറഞ്ഞു. ആര്‍.എസ്.എസ് മുഖപത്രമായ കേസരി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍.
‘പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും, വിക്ടോറിയ കോളജിലെ ഇന്റര്‍മിഡിയറ്റ് കാലത്തും അതു തുടര്‍ന്നു. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടി.എന്‍ ഭരതനും രാ വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍എസ്‌എസ് ആണ്. മോഹന്‍ ഭാഗവത് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്’. ഇ. ശ്രീധരന്‍ അഭിമുഖത്തില്‍ പറയുന്നു.
‘ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍.എസ്.എസ് എന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ബി.ജെ.പി പ്രവേശനം അതിനു വേണ്ടി കൂടിയാണ്. രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. അദ്ദേഹത്തില്‍നിന്നു ഞാന്‍ പഠിച്ചത് ഈ പാഠങ്ങളാണ്’. ഇവയൊക്കെയും സമൂഹത്തില്‍ പ്രചരിക്കേണ്ടതുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. സുദീർഘമായ ഔദ്യോഗിക ജീവിതത്തിന് ശേഷം ഈയടുത്ത് ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നിരുന്നു.
Post Your Comments