ബലാത്സംഗ കേസ് പ്രതിയോട് പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചെന്ന വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്‌തതാണെ ന്നും, കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുളളതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ പറഞ്ഞു.
ഇന്ന് മറ്റൊരു കേസിന്റെ വാദത്തിനിടെയാണ്, പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന നിർദേശം മുന്നോട്ടുവയ്‌ക്കുകയല്ല കോടതി ചെയ്‌തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അത് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനമാണ് താൻ നേരിട്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉൾപ്പടെ സമൂഹത്തിന്റ നാനാതുറയിലുള്ള ഒട്ടേറെ പേർ പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു.
Post Your Comments