ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കലാപം തടയാന്‍ തങ്ങള്‍ക്കാവില്ല. സംഭവങ്ങള്‍ നടന്നു കഴിഞ്ഞു മാത്രമേ കോടതിക്ക് ഇടപെടാനാകൂ. ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നതെന്നും ചിലര്‍ ഹര്‍ജി നല്‍കുന്നത് കോടതികളാണ് ഉത്തരവാദികള്‍ എന്ന നിലയിലാണെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ പറഞ്ഞു.
തങ്ങളുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ചില സാഹചര്യങ്ങള്‍ കോടതിയുടെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. ഡല്‍ഹിയില്‍ കലാപത്തിന്റെ ഭാഗമായി ജനങ്ങള്‍ ഇപ്പോഴും കൊല്ലപ്പെടുകയാണെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിക്കാരനായ ഹര്‍ഷ് മന്ദറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കോളിന് ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമുന്നയിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ പ്രതികരണം. സമാധാനം ഉണ്ടാകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് കോടതിക്ക് രംഗപ്രവേശം ചെയ്യാന്‍ കഴിയുന്നത്. മുന്‍കൂട്ടി ആശ്വാസ നടപടികള്‍ ഉത്തരവിടാന്‍ കോടതിക്കാവില്ല. കോടതികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നും അത് വലിയ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments