ആഴമേറിയ കിണറ്റിലേക്ക് വീണ രണ്ട് വയസുകാരനെ അതിസാഹസികമായി രക്ഷപെടുത്തി വീട്ടമ്മ. കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പ് അജയന്റെ രണ്ടാമത്തെ മകൻ ആരുഷ് ആണ് കളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി കിണറ്റിലേക്ക് വീണത്. വിവരമറിഞ്ഞ് ഓടിയെത്തിയ സിന്ധുവെന്ന യുവതിയാണ് കുട്ടിയെ രക്ഷപെടുത്തിയത്. സിന്ധുവിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് നാടും നാട്ടുകാരും
ശനിയാഴ്ച രാവിലെയാണ് സംഭവം. വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ മുറ്റത്തേക്കിറങ്ങി. സമീപത്തുള്ള കിണറ്റിൽ നിന്നാണ് ശബ്ദം കേട്ടത്. ഇവിടെയെത്തി നോക്കിയപ്പോൾ കുട്ടി കിണറ്റിൽ കിടക്കുന്നതാണ് ഇവർ കണ്ടത്. മാതാപിതാക്കള്‍ ബഹളം കൂട്ടിയപ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടി. ഓടി വന്നവരെല്ലാം എന്തു ചെയ്യണമെന്നറിയാതെ കിണറ്റിൻ കരയിൽ നിലയുറപ്പിച്ചു.
അപ്പോഴാണ്, തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു സ്ഥലത്തെത്തിയത്. വന്ന പാടേ സിന്ധു ഇരുപതോളം തൊടിയുള്ള കിണറില്‍ ചാടിയിറങ്ങി. വെള്ളത്തില്‍ മുങ്ങിത്താണു കൊണ്ടിരുന്ന കുഞ്ഞിനെ എടുത്ത് മുകളിലെ തൊടിയിലേക്ക് കയറി നിന്നു. സിന്ധു കിണറ്റിലേക്ക് ചാടിയത് കണ്ടപ്പോൾ കരയിൽ നിന്ന മറ്റൊരു യുവാവ് കൂടി കിണറ്റിലേക്ക് ഇറങ്ങി. കുഞ്ഞിനെ കരയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുഞ്ഞിന് പുറമേ പരുക്കൊന്നും ഉണ്ടായിരുന്നില്ല.
Post Your Comments