നോയിഡ : അപകർഷകതാബോധത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥി. ഇരുണ്ട നിറം കാരണം സൗന്ദര്യവും ലുക്കും ഇല്ലെന്ന ചിന്തയെ തുടർന്ന് രോഗത്തിന് അടിമയായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. പ്ലസ് വൺ വിദ്യാർഥി അപ്പാർട്ട്മെന്റിന്റെ 15ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ നോയിഡയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സെക്ടർ 78ലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് വിദ്യാർഥി ചാടിയത്. 17കാരന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസം. ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായ പിതാവിനൊപ്പമാണ് വിദ്യാർഥി നോയിഡയിൽ താമസിക്കുന്നത്. അമ്മ ഗുരുഗ്രാമത്തിലാണ് താമസമെന്നും പൊലീസ് അറിയിച്ചു. സൗന്ദര്യമില്ലെന്നും ഇരുണ്ടനിറമാണെന്നും പറഞ്ഞ് മകൻ കടുത്ത വിഷമത്തിലായിരുന്നുവെന്ന് അച്ഛനും അമ്മയും പൊലീസിനോട് പറഞ്ഞു. മുൻപും പലതവണ ഇക്കാര്യത്തിലുള്ള വിഷമം മകൻ തങ്ങളോട് പങ്കുവെച്ചിരുന്നുവെന്നും പൊലീസിനോട് പറഞ്ഞതായി സെക്ടർ 49 പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സുധീർ കുമാർ പറഞ്ഞു.
Read Also : ശ്രീജ നെയ്യാറ്റിന്‍കരയെ അവഹേളിച്ചു, പൊലീസുകാരന് സസ്പെന്ഷന്
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. മാതാപിതാക്കൾ പരാതി ഒന്നും നൽകിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഈ വിഷാദ രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമായിരുന്നുവെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആദ്യമേ കണ്ടെത്തിയാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. രക്ഷിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസിലാക്കുകയും അവരുമായി സംസാരിച്ച് ആശങ്ക അകറ്റുകയും ചെയ്യണമെന്നും ഡോ. കുനാല്‍ കുമാർ പറഞ്ഞു.
Post Your Comments