ചെന്നൈ∙ ബിജെപിയുമായി ഏറെ അടുപ്പമുള്ള ദൂതന്‍, പിന്നെ വി.കെ. ശശികലയോട് അടുപ്പമുള്ള ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത കുടുംബാംഗം; ഇവര്‍ നടത്തിയ ചില ശക്തമായ ഇടപെടലുകളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ആ തീരുമാനത്തിലേക്കെത്താന്‍ ശശികലയെ പ്രേരിപ്പിച്ചത്.
എഐഎഡിഎംകെ – ബിജെപി സഖ്യത്തിന് ഏതെങ്കിലും തരത്തില്‍ വെല്ലുവിളി സൃഷ്ടിച്ചാല്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലെത്തുമെന്നും അതു കൂടുതല്‍ ദോഷം ചെയ്യുമെന്നും ശശികലയെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ‘ജയയുടെ അണികള്‍’ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം നല്‍കി ചിന്നമ്മ ‘താല്‍ക്കാലികമായി’ പിന്‍വാങ്ങിയത്.
ചിന്നമ്മയെ അനുനയിപ്പിക്കാന്‍ ചരടുവലികള്‍ മുഴുവന്‍ നടത്തിയതും ബിജെപിയാണ്. പാര്‍ട്ടിക്ക് ഏറെ അടുപ്പമുള്ള ഒരു ദൂതനെ ഇതിനായി നിയോഗിക്കുകയായിരുന്നു. ഇദ്ദേഹം ശശികലയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത ബന്ധുവിനെയാണ് ആദ്യം സമീപിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ ശശികലയിലേക്ക് എത്തിക്കുകയായിരുന്നു. ജയലളിത പോറ്റിവളര്‍ത്തിയ പാര്‍ട്ടിയെ നിര്‍ണായകമായ ഘട്ടത്തില്‍ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ശശികലയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അവരോടു വ്യക്തമാക്കി.
ധാര്‍മികമായ പിന്തുണ പാര്‍ട്ടിക്കു നല്‍കണമെന്നും മരുമകനായ ടി.ടി.വി. ദിനകരനെ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുന്നത് കുടുംബവാഴ്ചയാണെന്നു വിലയിരുത്തപ്പെടുമെന്നും ശശികലയെ ബോധ്യപ്പെടുത്തി. ഡിഎംകെ അധികാരത്തിലെത്തിയാല്‍ അതിന്റെ പഴി മുഴുവന്‍ ശശികല കേള്‍ക്കേണ്ടിവരുമെന്നും ബിജെപി ദൂതന്‍ ശശികലയുടെ ബന്ധുവിനെ അറിയിച്ചു.തുടര്‍ന്ന് ശശികലയുമായി ബന്ധു ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ താന്‍ രാഷ്ട്രീയത്തില്‍നിന്ന് അകന്നു നില്‍ക്കുകയാണെന്നു ബുധനാഴ്ച അപ്രതീക്ഷിതമായി ചിന്നമ്മ പ്രസ്താവന ഇറക്കുകയായിരുന്നു.
Post Your Comments