തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് മുരളീധരൻ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാർട്ടിയ്‌ക്കകത്തെ ധാരണ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കടകംപളളി സുരേന്ദ്രനോട് പരാജയപ്പെട്ട ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മുരളീധരൻ കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്.
അതേസമയം, കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമായിരിക്കും ബി ജെ പിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരിക. ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് ആദ്യപട്ടിക കൈമാറും. തുടർന്ന് അമിത് ഷായുടെ അനുമതിയോടെ നാളെ തന്നെ പ്രാഥമിക ധാരണയുണ്ടാക്കും.
Read Also : കോണ്‍ഗ്രസിന്റെ നിശാക്യാമ്പിൽ കൂട്ടയടി; ആശുപത്രിയിലും സംഘട്ടനം, മണ്ഡലം പ്രസിഡന്റിന്റെ മൂക്ക് തകർന്നു
എന്നാൽ വിജയ യാത്രയ്ക്കിടെ ഇന്നലെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി ചേർന്ന് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. വിജയ യാത്രയുടെ സ്വീകരണസമ്മേളനങ്ങൾ നിർത്തിവച്ച് നടത്തിയ കോർ കമ്മിറ്റി, സമയക്കുറവ് മൂലം ചർച്ച പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. ശനിയാഴ്‌ച വീണ്ടും കോർ കമ്മിറ്റി യോഗം ചേരുന്നുണ്ട്.ഇ ശ്രീധരൻ തൃശൂരിൽ മത്സരിക്കാനാണ് സാദ്ധ്യത. ഇവിടെ മുതിർന്ന സംസ്ഥാന നേതാവിന് സംഘടനാ ചുമതല നൽകും. കുമ്മനം രാജശേഖരൻ നേമത്തും പി കെ കൃഷ്‌ണദാസ് കാട്ടാക്കടയിലും എം ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും.
Post Your Comments