Latest NewsIndiaNews

മുംബൈയിലെ വൈദ്യുതി തടസം: ചൈനീസ് ആക്രമണ സാധ്യത തള്ളി കേന്ദ്ര സർക്കാർ

കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ്. ഗ്രിഡ് തകരാറിന് പിന്നില്‍ ഹാക്കിങ് ശ്രമമാണെന്ന്  തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയോ, പാകിസ്താനോ സൈബര്‍ ആക്രമണം നടത്തിയതാണ് വൈദ്യുതി തടസപ്പെടാന്‍ കാരണം എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമില്ല. സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതിന്റെ തെളിവുകളൊന്നും തങ്ങളുടെ കൈവശമില്ല. ചൈനയും ആരോപണം നിഷേധിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

രാജ്യത്തിന്റെ തെക്കും, വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണങ്ങള്‍ നടന്നുവെന്നും, എന്നാല്‍ മാല്‍വയറിന് വൈദ്യുതി വിതരണം തടസപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വൈദ്യുതി നിലച്ചതിനെപ്പറ്റി രണ്ട് അന്വേഷണ സംഘങ്ങള്‍ അന്വേഷണം നടത്തുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കാന്‍ കാരണം സൈബര്‍ ആക്രമണല്ലെന്നും, മാനുഷികമായ പിഴവാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സൈബര്‍ ആക്രമണം നടന്നതായി ഒരു സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി തടസപ്പെടാന്‍ കാരണം അതല്ല.

സൈബര്‍ ആക്രമണ ഭീഷണി മുംബൈക്ക് മാത്രമല്ലെന്നും, രാജ്യത്തിന് മുഴുവന്‍ വെല്ലുവിളിയാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിച്ചിട്ട് കാര്യമില്ലെന്നും മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button