മുംബൈ: അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട്, അനില്‍ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, സെക്രട്ടറി സഞ്ജീവ് പലാണ്ഡെ എന്നിവരെ ഏജന്‍സി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നേരത്തെ, അനിൽ ദേശ്മുഖിന്റെ ഹർജി കേൾക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐയുടെ അപേക്ഷ അനുവദിച്ച, പ്രത്യേക കോടതിയുടെ ഉത്തരവിനെ ദേശ്മുഖ് ചോദ്യം ചെയ്തിരുന്നു. മുംബൈ സെഷൻസ് കോടതിയും മുൻ ആഭ്യന്തര മന്ത്രിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഏജൻസിയുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ അനിൽ ദേശ്മുഖ് ബോധപൂർവം ശ്രമിക്കുകയാണെന്ന് സി.ബി.ഐ ആരോപിച്ചു.
Also Read:ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ: കണക്ക് തീർക്കാൻ ചെൽസിയും റയലും നേർക്കുനേർ
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബർ 2 ന് ആയിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങാണ് അനിൽ ദേശ്മുഖിനെതിരെ, അഴിമതി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപണമുന്നയിച്ചത്. നഗരത്തിലെ റസ്റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ദേശ്മുഖ്, പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെന്നായിരുന്നു മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിങ് ആരോപിച്ചത്. എന്നാൽ, ഈ ആരോപണങ്ങൾ ദേശ്മുഖ് നിഷേധിച്ചു.
പിന്നാലെ, ഇ.ഡിയും, സി.ബി.ഐയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ, അനിൽ ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സച്ചിൻ വാസെ വഴി മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് 4.70 കോടി രൂപ പിരിച്ചെടുത്തു എന്നായിരുന്നു ഇ.ഡിയുടെ കേസ്. ദേശ്മുഖിനെതിരെ കേസെടുക്കാൻ ബോംബെ ഹൈക്കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചതിനെ തുടർന്ന്, ദേശ്മുഖ് കഴിഞ്ഞ വർഷം ഏപ്രിലിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജി വെച്ചിരുന്നു.
Post Your Comments