
റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷുൽ ഹിന്ദ്. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ജെയ്ഷുൽ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് സംഭവം.
‘അംബാനിക്ക് തങ്ങളിൽ നിന്ന് യാതൊരു ഭീഷണിയുമുണ്ടായിട്ടില്ലെന്നും സംഘടനയുടെ പേരിൽ മുൻപ് പുറത്തുവന്ന സന്ദേശം വ്യാജമാണ്. സംഘടനയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നടപടിയിൽ അപലപിക്കുന്നതായും ജെയ്ഷെ ഉൽ ഹിന്ദ് ടെലഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി.
‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരൻ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജെയ്ഷുൽ ഹിന്ദിന്റേത് എന്ന പേരിൽ പ്രചരിച്ചിരുന്ന വാർത്ത.
മാത്രമല്ല, ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്ക് പാഞ്ഞു കയറുമെന്നും ബിറ്റ്കോയിനായി പണം കൈമാറണമന്നും മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയെയും പരാമർശിച്ചുള്ള സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ മുംബൈയിലെ മുകേഷ് അംബാനിയുടെ ആന്റില എന്ന വസതിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തുനിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിസന്ദേശവും പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments