കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും, എല്ലാം ശരിയായി വരുന്നുവെന്നും അമിതാഭ് ബ്ലോഗിൽപറയുന്നു. “എന്റെ ആരോഗ്യാവസ്ഥയിൽ നിങ്ങളുടെ ഉദ്വേഗത്തിനും, പ്രാർത്ഥനകൾക്കും നന്ദി. ഈ പ്രായത്തിൽ കണ്ണിന് ശസ്ത്രക്രിയ അതീവ സൂക്ഷ്മതയും കൃത്യതയും വേണ്ടതാണ്. ഏറ്റവും മികച്ചതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പൂർണസ്ഥിതിയിലേക്ക് കാഴ്ചയുടെ തിരിച്ചുവരവ് പതുക്കെയാണ്, പ്രയാസകരവും”. അതിനാൽ ടൈപ്പ് ചെയ്യുമ്പോൾ അക്ഷര തെറ്റുകൾ വന്നാൽ ക്ഷമിക്കണം” എന്നായിരുന്നു സൂപ്പർ താരം കുറിച്ചത്.
പഴയ വിൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്‌സിനെ പോലെയാണ് താൻ എന്നും അമിതാഭ് കുറിക്കുന്നു. സ്വന്തം ടീം തോൽവിയോടടുത്ത ഘട്ടത്തിൽ അവശത മറന്ന് ബാറ്റെടുത്ത് അതിവേഗ സെഞ്ച്വറിയുമായി ടീമിനെ ജയിപ്പിച്ച ഗാരി സോബേഴ്‌സ് കഥയാണ് താരം പങ്കുവെച്ചത്. ബാറ്റിങ് പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്ന് സോബേഴ്‌സ് പറഞ്ഞത് ”മൈതാനത്തിറങ്ങുമ്പോൾ മൂന്ന് പന്തുകളായാണ് കണ്ടിരുന്നത്. അതിൽ മധ്യത്തിലെ പന്ത് അടിച്ചകറ്റുകയായിരുന്നു ലക്ഷ്യം” എന്നാണ്.
സമാനമായി, ടൈപ്പ് ചെയ്യുമ്പോൾ കാണുന്നത് മൂന്ന് അക്ഷരമായാണെന്നും അതിൽ നടുവിലത്തേത് അടിക്കുകയാണ് ചെയ്യുന്നതെന്നും അമിതാഭ് പറയുന്നു. ഒരു കണ്ണിന് കൂടി ചികിത്സ ബാക്കിയുണ്ടെന്നും സൂചനയുണ്ട്.
നേരത്തെ കോവിഡ് ബാധിതനായിരുന്നു അമിതാഭ്. ശനിയാഴ്ച രാത്രിയാണ് ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ അമിതാഭ് ലോകത്തെ അറിയിച്ചത്. ”ആരോഗ്യ സ്ഥിതി… ശസ്ത്രക്രിയ.. എഴുതാനാകുന്നില്ല”- എന്ന മൂന്നു വാക്കുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. അതോടെ പ്രാർഥനകളും ആശങ്കകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചു.
Post Your Comments