ലൗ ജിഹാദ് ഏറ്റവും ശക്തമായി തന്നെ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയിൽ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണമെന്ന് അദ്ദേഹം പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Also Read:യു.ഡി.എഫ് നേതാക്കൾ വഞ്ചകന്മാർ, ഉമ്മൻ ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമെന്ന് പി.സി ജോര്‍ജ്ജ്
കേരളത്തിലാണ് തീവ്രവാദ സംഘടനകൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്‌ക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
കേരളത്തിൽ ചിലയിടങ്ങളിൽ മതമാറ്റം നിർബന്ധിതമായി നടക്കുന്നു. ചിലസ്ഥലങ്ങളിൽ മതമൗലികവാദികളുടെ നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെങ്കിൽ, പെൺകുട്ടികളെ സമർഥമായി പ്രലോഭിപ്പിച്ച് മതപരിവർത്തനത്തിനിടയാക്കുന്ന വൃത്തികെട്ട മാർഗ്ഗമാണ് നടത്തുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങളിലുള്ള പിഴവ് മുതലെടുത്തും പ്രലോഭനങ്ങളിലും ഭീഷണിയിലും പെടുത്തി മതം മാറ്റാൻ നിർബന്ധിതരാക്കുന്നു. പിന്നീട് നാം കാണുന്നത് മതമൗലികവാദത്തിന്റെ കെണിയിൽ പെൺകുട്ടികൾ വീഴുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും അവകാശവാദത്തേയും കെ.സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണിത്. വാളയാർ പെൺകുട്ടികളുടെ അമ്മക്ക് തലമുണ്ഡനം ചെയ്യേണ്ടി വരുന്നുവെന്ന് പറഞ്ഞാൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പിണറായിയുടെ അവകാശവാദം പൊളിയുന്നുവെന്നാണ് അർത്ഥം. എപ്പോഴും പറയുന്ന അവകാശവാദം കിറ്റു കൊടുത്തുവെന്നതാണ്. അതിനെന്തിനാണ് ഒരു സർക്കാരെന്നും സുരേന്ദ്രൻ ചോദിച്ചു. ഒരു കലക്ടർക്ക് ചെയ്യാൻ കഴിയുന്ന കാര്യമേയുള്ളു. കേന്ദ്രസർക്കാർ നല്കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ ഒരു സർക്കാർ വേണോയെന്ന് ജനങ്ങൾ ഇനി തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments